തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം മന്ദഗതിയിലാണെന്ന് യുഡിഎഫ് ആരോപണം. റെയ്ഡ് നടത്തി 66 ദിവസമായിട്ടും ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇഡി ഒരു നടപടിയും സ്വീകരിക്കുന്നില്ല.
2026 ജനുവരി 20ന് കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. എന്നിട്ടും കേസില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഫെബ്രുവരി 17 ന് നടന് ജയറാമിനെ ഇഡി ചോദ്യം ചെയ്തതും വലിയ വാര്‍ത്തയായിരുന്നു.
എന്നാല്‍ ഇത് കഴിഞ്ഞ് 40 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ കാര്യമായ മുന്നേറ്റമില്ലെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു. കേസിലെ പ്രധാന പ്രതികളായ ഉണ്ണികൃഷ്ണന് പോറ്റി, തന്ത്രി കണ്ഠരര് രാജീവര്, മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, മുന്‍ ഭരണ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരായ മുരാരി ബാബു, എന്നിവര്‍ക്ക് ജാമ്യം ലഭിച്ചു.
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ജാമ്യം കിട്ടിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇതോടൊപ്പമാണ് ഇഡി അന്വേഷണവും മന്ദഗതിയിലായതെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.